മകളുടെ മൃതദേഹം പൊട്ടക്കിണറ്റിൽ തള്ളി ‘അമ്മ കാമുകനൊപ്പം മുങ്ങി കേരളത്തെ ഞെട്ടിക്കുന്ന സംഭവം നെടുമങ്ങാട്ട്

പത്തൊൻ‌പത് ദിവസങ്ങൾക്ക് മുൻപാണ് ആഴമേറിയ പൊട്ടക്കിണറ്റിൽ പത്താംക്ലാസുകാരി മകളുടെ മൃതദേഹം ഉപേക്ഷിച്ച് അമ്മയും കാമുകനും നാടുവിടുന്നത്. തികഞ്ഞ ദുരൂഹതയിലേക്കാണ് ഇന്ന് കേരളവും തലസ്ഥാന നഗരിയും ഉണർന്നത്. തിരുവനന്തപുരം നെടുമങ്ങാട് കാണാതായ പത്താംക്ലാസ് വിദ്യാര്‍ഥിനിയുടെ മൃതദേഹം ഇന്നാണ് കിണറ്റിൽ നിന്നും കണ്ടെത്തുന്നത്. മൃതദേഹം കിണറ്റിൽ നിന്നും പുറത്തെടുത്തു. ഏറെ ദുരൂഹതകളും ചോദ്യങ്ങളും ബാക്കിയാവുന്ന സംഭവം ഇങ്ങനെ:

തിരുവനന്തപുരത്ത് വാടകയ്ക്ക് താമസിച്ചിരുന്ന മഞ്ജുഷയെയും മകളെയും ദിവസങ്ങളായി കാണാനില്ലെന്ന പരാതി ഉയർന്നിരുന്നു. കുട്ടിയുടെ മുത്തശിയാണ് ഇതു സംബന്ധിച്ച് പൊലീസിൽ പരാതി നൽകിയത്. പൊലീസ് അന്വേഷണത്തിൽ വീടിന് അടുത്തുള്ള അനീഷ് എന്ന ചെറുപ്പക്കാരനെയും കാണാനില്ലെന്ന് പൊലീസ് കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയുടെ അമ്മയും സുഹൃത്ത് അനീഷും ഒരുമിച്ചാണ് നാടുവിട്ടതെന്ന് കണ്ടെത്തി. ഇതിന് പിന്നാലെ ഇന്നലെ തമിഴ്നാട്ടിൽ വച്ച് അമ്മയെയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു.

പിന്നാലെ നടത്തിയ ചോദ്യം ചെയ്യലിൽ മകൾ എവിടെ എന്ന ചോദ്യത്തിന് ഇരുവരും കൃത്യമായി മറുപടി നൽകാൻ തയാറായില്ല. പെൺകുട്ടി തമിഴ്നാട്ടിൽ തന്നെയുണ്ടെന്നായിരുന്നു ഇരുവരുടെയും മൊഴി. എന്നാൽ ഇതു കള്ളമാണെന്ന് പിന്നാലെ നടത്തിയ ചോദ്യം ചെയ്യലിൽ വ്യക്തമായി. ഇതോടെയാണ് ക്രൂരതയുടെ സത്യം പുറത്തുവരുന്നത്.

മകളുടെ മൃതദേഹം പൊട്ടക്കിണറ്റിൽ തള്ളിയതിന് ശേഷമാണ് ഇരുവരും നാടുവിട്ടതെന്ന് അമ്മയും കാമുകനും പൊലീസിനോട് സമ്മതിച്ചു. എന്നാൽ മകളെ കൊലപ്പെടുത്തിയതല്ലെന്നും ചില പ്രശ്നങ്ങളെ തുടർന്ന് പത്താക്ലാസുകാരി മകൾ വീട്ടിനുള്ളിൽ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നുമാണ് വാദം. പിന്നീട് മൃതദേഹം ബൈക്കിലിരുത്തി അമ്മയും കാമുകനും ചേർന്ന് ഉപയോഗശൂന്യമായ പൊട്ടക്കിണറ്റിൽ തള്ളുകയായിരുന്നു.

ബൈക്കിന്റെ നടുക്ക് മകളെ ഇരുത്തിയാണ് പൊട്ടക്കിണർ വരെ എത്തിച്ചതെന്നും അമ്മയും കാമുകനും സമ്മതിച്ചു. അനീഷിന്റെ വീടിന് തൊട്ടടുത്താണ് ഇൗ കിണർ. മൃതദേഹത്തിൽ കല്ലുകെട്ടിയാണ് പൊട്ടക്കിണറ്റിൽ തള്ളിയത്. ഇതിന് ശേഷം അമ്മയും കാമുകൻ അനീഷും തമിഴ്നാട്ടിലേക്ക് കടക്കുകയായിരുന്നു. പത്തൊൻപതു ദിവസത്തോളം പഴക്കമുള്ള മൃതദേഹം ജീർണ്ണിച്ച നിലയിൽ ഇപ്പോൾ കിണറ്റിൽ നിന്നും പൊലീസ് പുറത്തെടുത്തിട്ടുണ്ട്. വരും മണിക്കൂറുകളിൽ ഇതെ കുറിച്ചുള്ള വിശദ വിവരങ്ങൾ പുറത്തുവരും.

shares