ഒൻപതാം ക്ലാസ് വിദ്യാർത്ഥിനികളുമായി കറക്കം രണ്ട് യുവാക്കൾ അറസ്റ്റിൽ പോലീസ് പറയുന്നത് ഇങ്ങനെ

സ്കൂൾ വിദ്യാർഥിനികളുമായി കാറിൽ കറങ്ങിയ യുവാക്കൾ പൊലീസ് പിടിയിൽ.യുവാക്കൾക്ക് എതിരെ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തു. ചെർപ്പുളശ്ശേരി വീര‌മംഗലം പുളിക്കപ്പറമ്പൻ മുഹമ്മദ് മുസ്തഫ (20), തൃക്കടീരി കരിമ്പൻചോല അലി അഹമ്മദ് (20) എന്നിവരെയാണു പൊലീസ് അറസ്റ്റ് ചെയ്തത്. മണ്ണാർക്കാട്ടെ ഒരു സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനികളുമായാണ് യുവാക്കൾ കാറിൽ കറങ്ങിയത്. സ്കൂൾ പരിസരത്തുനിന്ന് കാറിൽ കയറ്റി വിദ്യാർഥിനികളെ പെരിന്തൽമണ്ണ കൊടികുത്തി മലയിൽ കൊണ്ടുപോയിരുന്നു. ശാരീരിക പീഡനം, പ്രായപൂർത്തിയാകാത്ത കുട്ടികളെ തട്ടിക്കൊണ്ടു പോകൽ, പോക്സോ തുടങ്ങിയ വകുപ്പുകളാണ് യുവാക്കൾക്ക് എതിരെ ചുമത്തിയത്.

വ്യാഴാഴ്ച രാവിലെ വീടുകളിൽ നിന്നു സ്കൂളിലേക്ക് എത്തിയ കുട്ടികൾ കാറിൽ കയറി പോയെന്ന് മറ്റു വിദ്യാർഥികൾ സ്കൂളിൽ പരാതി പറഞ്ഞിരുന്നു. തുടർന്ന് പെൺകുട്ടികളിലൊരാളുടെ രക്ഷിതാവ് നൽകിയ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഒപ്പം നാട്ടുകാരും പല സ്ഥലങ്ങളിലും അന്വേഷിച്ചു. വിവിധ ഭാഗങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. വൈകിട്ട് സ്കൂൾ വിടുമ്പോൾ കുട്ടികളെ വീടിനു സമീപം ഇറക്കിവിടാനെത്തിയപ്പോഴാണ് പ്രതികൾ പിടിയിലായത്.

കുട്ടികളെ കൊണ്ടുപോകാൻ ഉപയോഗിച്ച കാറും പൊലീസ് പിടിച്ചെടുത്തു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ വിദ്യാർഥിനികളെ പ്രലോഭിപ്പിച്ച് വിവിധ സ്കൂളുകളിൽ നിന്ന് ഇത്തരത്തിൽ കൊണ്ടുപോകുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. മുഹമ്മദ് മുസ്തഫ ഒരു കുട്ടിയുമായി മുൻപ് മല‌മ്പുഴയിൽ പോയിരുന്നതായും പൊലീസ് പറഞ്ഞു.

shares