രാജു നാരായണ സ്വാമീ നിങ്ങളുടെ ഭാഗത്തും തെറ്റുണ്ട് ഈ ജീവിതം ഓരോ മലയാളിയും അറിഞ്ഞിരിക്കണം വായിച്ചിരിക്കണം

തന്നെ വേട്ടയാടുകയാണ് തന്റെ ജീവിതം തന്നെ തുലാസ്സിലാക്കുകയാണ് എന്നൊക്കെയുള്ള തുറന്ന് പറച്ചിൽ കൊണ്ട് തന്നെ കേരളത്തിലെ ജനങ്ങളുടെയും സോഷ്യൽ മീഡിയയുടെയും ആരാധനാ പാത്രമാകുകയാണ് രാജു നാരായണസ്വാമി എന്ന മുതിർന്ന ഐഎഎസ് ഓഫിസർ അദ്ദേഹം കടന്നു വന്ന വഴികളും അദ്ദേഹത്തെ കുറിച്ചുള്ള കൂടുതൽ അന്വേഷണങ്ങളും തുടങ്ങി കഴിഞ്ഞു ഷിബു ഗോപാലകൃഷ്‌ണൻ എന്ന യുവാവ് സോഷ്യൽ മീഡിയയിൽ എഴുതിയ കുറിപ്പ് സമാനതകളില്ലാത്ത ലൈക്കും ഷെയറുമായി മുന്നേറുകയാണ് സോഷ്യൽ ലോകം ഏറ്റെടുത്ത കുറിപ്പിന്റെ പൂർണ്ണ രൂപം വായിക്കാം

രാജു നാരായണ സ്വാമിയുടെ കൈയിലും തെറ്റുണ്ട്.

മദ്രാസ് ഐഐറ്റിയിൽ നിന്നും ഒന്നാം റാങ്കോടെ കമ്പ്യൂട്ടർ സയൻസിൽ ബിരുദം നേടി പുറത്തിറങ്ങുമ്പോൾ എംഐടിയിൽ നിന്നും സ്കോളർഷിപ്പോടെ ഒരു ഓഫർ സ്വാമിയെ തേടിയെത്തിയിരുന്നു. അത് നിരസിച്ചുകൊണ്ടാണ് സ്വന്തം രാജ്യത്തിനു വേണ്ടിയാവണം തന്റെ സേവനം എന്നു തീരുമാനിച്ചു സിവിൽ സർവീസിലേക്ക് അടുത്ത ഒന്നാം റാങ്കും, ഒരിക്കലും കൈയൊഴിയാൻ തയ്യാറല്ലാത്ത തന്റെ സത്യസന്ധതയുമായി സ്വാമി കടന്നുവരുന്നത്. വല്ല കാര്യവുമുണ്ടോ!

ആലപ്പുഴ സബ്കലക്ടറായി ഹരിശ്രീ കുറിച്ചപ്പോൾ മുതൽ തുടങ്ങിയതാണ് അഴിമതിയോടുള്ള അസ്കിത. കളക്ടറായിരുന്ന അഞ്ചു ജില്ലകളിലും ഇന്നാട്ടിലെ സത്യസന്ധരായ രാഷ്ട്രീയക്കാർക്കും പാവപ്പെട്ട മുതലാളിമാർക്കും കളങ്കമില്ലാത്ത സഹപ്രവർത്തകർക്കും തലവേദന മാത്രമാണ് സ്വാമി നൽകിയത്. എന്തൊരു കഷ്ടമാണെന്നു നോക്കണേ!

ഇന്ത്യയുടെ അധികാര ചരിത്രത്തിൽ ആദ്യമായിട്ടായിരുന്നു ഒരു കളക്ടറുടെ റിപ്പോർട്ടിന്മേൽ സംസ്ഥാനത്തെ ഒരു മന്ത്രിക്കു രാജിവയ്‌ക്കേണ്ടി വന്നത്. അവിടെയും സ്വാമി ഒന്നാംറാങ്കുകാരനായി. ജനസേവനം അവസാനിപ്പിച്ച് ബഹുമാന്യ ടി.യു. കുരുവിള അവറുകൾക്കു മന്ത്രിമന്ദിരം ഒഴിയേണ്ടിവന്നു. ധിക്കാരം എന്നല്ലാതെ എന്തുപറയാനാണ്!

അഴിമതി വിരുദ്ധ പോരാട്ടം അന്യരോടു ആയിക്കോളൂ, വേണ്ടപ്പെട്ടവരോട് പാടില്ല എന്ന പ്രാഥമികപാഠം പോലും ലംഘിച്ച സ്വാമിക്കു വിവാഹബന്ധം പോലും വേർപെടുത്തേണ്ടി വന്നു. ഇത്രയും സത്യസന്ധത പാടില്ല!

എഴുതിയ പരീക്ഷകളിലെല്ലാം ഒന്നാം റാങ്ക് മേടിച്ചതു പോകട്ടെ, എന്നിട്ടും പഠിത്തം അവസാനിപ്പിക്കാൻ സ്വാമി തയ്യാറായില്ല. പതിനാറു പോസ്റ്റ് ഗ്രാജുവേഷൻ കോഴ്‌സുകളാണ് ഒന്നാം റാങ്കോടെ പാസായത്. പോരാത്തതിന് പിഎച്ച്ഡിയും. രണ്ടാമത്തെ പിഎച്ച്ഡിക്കുള്ള തയ്യാറെടുപ്പിലാണെന്നും കേൾക്കുന്നു. പഠിത്തത്തിനൊക്കെ ഒരു പരിധിയില്ലേ?!

മാറിവന്ന എല്ലാ സർക്കാരുകളും മുന്നറിയിപ്പുകൾ നിരവധി തന്നതാണ്. അങ്ങനെ 26 വർഷത്തെ സേവനത്തിനിടയിൽ ഏതാണ്ട് അത്രതന്നെ ട്രാൻസ്ഫറുകൾ നേടി സ്വാമി പിന്നെയും ഒന്നാം റാങ്കുകാരനായി. ഒന്നാം റാങ്കിനോട് അങ്ങേയ്ക്ക് അടങ്ങാത്ത അഭിനിവേശമായിരുന്നു!

ആവശ്യമില്ലാത്തതൊക്കെ പഠിച്ചെങ്കിലും പഠിക്കേണ്ടത് മാത്രം പഠിച്ചില്ല. സ്വന്തമായി അഴിമതി ചെയ്യില്ലെങ്കിൽ ആയിക്കോളൂ, എന്നാൽ മറ്റുള്ളവരെയും അതുചെയ്യാൻ അനുവദിക്കില്ല എന്ന അങ്ങയുടെ ഈ പിടിവാശിയുണ്ടല്ലോ, അവിടെയാണ് പിഴച്ചത്. എല്ലാവരെയും പിണക്കരുത് എന്ന ബാലപാഠം പോലും നിരവധി ബാലസാഹിത്യ കൃതികൾ എഴുതി അവാർഡ് വാങ്ങിയ സ്വാമി മറന്നു!

ഇത്രയൊക്കെ ആയിട്ടും ഇപ്പോഴും പറയുന്നത്, ഞാൻ സർവീസിൽ തിരിച്ചു വരുമെന്നും, നാളീകേര വികസന ബോർഡിലെ മൂന്ന് അഴിമതികൾ മാത്രമേ കണ്ടെത്തിയിട്ടുള്ളൂ, ബാക്കികൂടി കണ്ടെത്തുമെന്നുമാണ്. എന്തൊരു അഹമ്മതി ആണെന്ന് നോക്കണേ!

സത്യസന്ധത തേങ്ങയാണ് സാർ, എന്ന്വച്ചാൽ നാളീകേരം. ആ നാളീകേര വികസനം താങ്ങുവിലപോലുമില്ലാത്ത എടുക്കാചരക്കാണ്.

എങ്കിലും, തോറ്റുപിന്മാറാതെ നിങ്ങൾ ഇപ്പോഴും നടത്തുന്ന ഈ പോരാട്ടമുണ്ടല്ലോ. മനഃസാക്ഷിയുടെ മാത്രം പിൻബലത്തിൽ ഇപ്പോഴും തുടരുന്ന ഈ ഒറ്റയാൾസമരം. ലോകംമുഴുവൻ കൂറുമാറുമ്പോഴും സത്യത്തിന്റെ പക്ഷത്തു ഒറ്റയാണെങ്കിലും ഒരുമിച്ചു നിൽക്കാൻ കാണിക്കുന്ന ഈ സ്ഥൈര്യം!!

സല്യൂട്ട് യു!

#support_raju_narayana_swamy

shares