ഞാനും സാജനെ പോലെ ആത്മഹത്യ ചെയ്യാണോ ഈ ഭിന്ന ശേഷിക്കാരൻ കേരളത്തിനോട് ചോദിക്കുന്നു

Loading...

ആന്തൂരിൽ പ്രവാസിവ്യവസായി പാറയിൽ സാജൻ തന്റെ സ്ഥാപനത്തിന് അനുമതി നൽ‌കാത്ത നഗരസഭാ അധികൃതരുടെ നിലപാടിൽ മനം നൊന്ത് ആത്മഹത്യ ചെയ്തതുപോലെ ഞാനും ആത്മഹത്യ ചെയ്യണോ? കുനിങ്ങാട് സ്വദേശി എം.റഫീഖിന്റെതാണ് ഈ ചോദ്യം. നാദാപുരത്തെ പയന്തോങ്ങിൽ റോയൽ എൻഫീൽഡ് ബുള്ളറ്റ് സൈക്കിൾ ഡീലർഷിപ്പ് സമ്പാദിക്കുകയും കമ്പനിയും ഗ്രാമ പഞ്ചായത്തും മലിനീകരണ നിയന്ത്രണ ബോർഡുമെല്ലാം നിർദ്ദേശിച്ചവിധം കെട്ടിടം നിർമിക്കുകയും ചെയ്തെങ്കിലും പ്രവർത്തന അനുമതി ലഭിക്കാതെ രണ്ടര വർഷമായി കാത്തിരിപ്പു തുടരുകയാണ് ഗ്രെയ്സ് മോട്ടോഴ്സ് ഉടമയായ റഫീഖ്.

മുഖ്യമന്ത്രിയുടെ ഓഫിസിനെ സ്വാധീനിച്ച് ഒരു സിപിഎം നേതാവിന്റെ ഇടപെടൽ കാരണമാണ് തന്റെ സ്ഥാപനത്തിനു മലിനീകരണ നിയന്ത്രണ ബോർഡ് ഒരു കാരണവും കാണിക്കാതെ അനുമതി നൽകാതിരിക്കുന്നതെന്നും ഗ്രാമപഞ്ചായത്തും മലിനീകരണ നിയന്ത്രണബോർഡും നിർദ്ദേശിച്ച എല്ലാ മാറ്റങ്ങളും വരുത്തിയിട്ടും നൂറോളം തൊഴിലാളികൾക്കു തൊഴിൽ ലഭ്യമാകുന്ന സ്ഥാപനം വെറുതെ കിടക്കുകയാണെന്നും കാണിച്ച് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് റഫീഖ്.

Loading...

ഈ സ്ഥാപനത്തിനെതിരേയുള്ള സിപിഎം നേതാവിന്റെ നീക്കത്തെ എതിർത്ത് ഡിവൈഎഫ്ഐ പ്രവർത്തകർ ഉൾപ്പെടെ രംഗത്തിറങ്ങിയെങ്കിലും സ്ഥാപനം പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന വാശിയിലാണ് സിപിഎമ്മിലെ ചില നേതാക്കക്കളെന്നും അദ്ദേഹം ആരോപിക്കുന്നു. പരിസര മലിനീകരണം ഉണ്ടാകുമെന്നു പറഞ്ഞാണ് ആദ്യം ചിലർ പയന്തോങ്ങിലെ സ്ഥാപനത്തിനെതിരെ രംഗത്തു വന്നത്. സമീപത്തെല്ലാം ഒട്ടേറെ മോട്ടർ വർക്ക് ഷോപ്പുകൾ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. അവിടെയെല്ലാം ഉള്ളതിനേക്കാൾ വിപുലമായ സംവിധാനങ്ങളാണ് ഗ്രെയ്സ് മോട്ടോഴ്സിൽ സജ്ജമാക്കിയിരിക്കുന്നത്. സീറോ വേസ്റ്റ് പദ്ധതിയും വാഹനങ്ങൾ കഴുകുന്ന വെള്ളം ശുദ്ധീകരിച്ചു വീണ്ടും ഉപയോഗിക്കുന്നതിനുള്ള സംവിധാനവുമെല്ലാം ഇവിടെയുണ്ട്.

2017 ജനുവരി 18നാണ് കാർ സർവീസ് സെന്റർ തുടങ്ങാനായി റഫീഖ് മലിനീകരണ നിയന്ത്രണ ബോർഡിൽ അപേക്ഷ നൽകുന്നത്. ഉദ്യോഗസ്ഥർ പരിശോധന നടത്തി 2017 ഫെബ്രുവരി 7ന് എസ്റ്റാബ്ലിഷ്മെന്റ് സർട്ടിഫിക്കറ്റ് നൽകി. ഇതനുസരിച്ചു നിർമാണം പൂർത്തിയാക്കി കൺസെന്റ് ഓഫ് ഓപ്പറേഷന് അപേക്ഷിച്ചു. ഇതിനിടയിലാണ് റഫീഖിന്റെ ബന്ധുവിനു ബുള്ളറ്റ് മോട്ടർ സൈക്കിൾ ഡീലർഷിപ്പ് ലഭിക്കുന്നത്. ഇരുവരും ചേർ‌ന്ന് 2 സ്ഥാപനങ്ങളും ഒരുമിച്ചു തുടങ്ങാൻ തീരുമാനിക്കുകയും 2018 മേയ് 30നു മലിനീകരണ നിയന്ത്രണ ബോർഡിൽ അപേക്ഷ നൽകുകയും ചെയ്തു. ഉദ്യോഗസ്ഥരുടെ പരിശോധനകൾ പൂർത്തിയാക്കി ജൂൺ 21ന് എസ്റ്റാബ്ലിഷ്മെന്റ് സർട്ടിഫിക്കറ്റ് ലഭിച്ചു.ഇതിന്റെ അടിസ്ഥാനത്തിൽ‌ രണ്ടിന്റെയും നിർമാണം പൂർത്തിയാക്കി കൺസെന്റ് ഓഫ് ഓപ്പറേഷന് അപേക്ഷിച്ചു. ഈ അപേക്ഷയിലാണ് തീരുമാനമൊന്നും എടുക്കാതെ നീട്ടിക്കൊണ്ടു പോകുന്നത്.

തൊട്ടടുത്ത കെട്ടിടത്തിൽ നിന്ന് 10 മീറ്റർ അകലെ മാത്രമേ ടാങ്ക് സ്ഥാപിക്കാവൂ എന്നാണ് നിയമം. ഇതു പ്രകാരം നിർമിച്ച ടാങ്ക് 10.45 മീറ്റർ അകലെയായിരുന്നിട്ടും കുറച്ചു കൂടി അകലം പാലിക്കുന്നതിനായി പൊളിച്ചു മാറ്റി പുനർ നിർമിച്ചതാണ്. പൊതുജനങ്ങൾക്കോ പ്രദേശവാസികൾക്കോ ഒരു പ്രയാസവും ഇല്ലാത്ത വിധമാണ് കെട്ടിടവും അനുബന്ധ നിർമാണവും എന്ന് ബോധ്യമായതിനെ തുടർന്നു ഗ്രാമ പഞ്ചായത്ത് ഈ സ്ഥാപനത്തിന് അനുമതി നൽകാൻ സന്നദ്ധമാണെങ്കിലും മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനങ്ങാപ്പാറ നയം കാരണം തങ്ങൾ മുടക്കിയ ഭീമമായ തുക വെറുതെ കിടക്കുകയാണെന്നും ബാങ്ക് വായ്പ അടക്കം എടുത്താണ് നിർമാണ ജോലികൾ പൂർത്തിയാക്കിയതെന്നും റഫീഖും ബന്ധുവായ പ്രവാസി കെ.വി.ബഷീറും പറയുന്നു

റഫീഖ് സ്വപ്രയത്നത്തിലൂടെ വ്യാപാരരംഗത്ത് ചുവടുറപ്പിച്ച ഭിന്നശേഷിക്കാരൻ

Loading...

കുനിങ്ങാട് സ്വദേശി ആലോള്ളതിൽ എം.റഫീഖ് പോളിയോ ബാധിച്ച് ഇരുകാലുകളും ചലന ശേഷി നഷ്ടപ്പെട്ട ഭിന്നശേഷിക്കാരനാണ്. ചികിത്സകൾ കൊണ്ടൊന്നും പ്രയോജനമില്ലാതായതോടെ വീട്ടിൽ ചടഞ്ഞിരിക്കാൻ റഫീഖ് സന്നദ്ധനായില്ല. കല്ലാച്ചിയിൽ ടെലിഫോൺ എസ്ടിഡി ബൂത്ത് തുടങ്ങിക്കൊണ്ടായിരുന്നു സ്വയം തൊഴിൽ കണ്ടെത്തിയത്. ബൂത്തിലെത്താൻ മുച്ചക്ര വണ്ടിയെ ആശ്രയിച്ച റഫീഖ് ക്രമേണ ഇരുചക്ര വാഹനങ്ങളുടെ വിൽപന തുടങ്ങി. നാദാപുരത്തെ എആർ മോട്ടോഴ്സ്, കല്ലാച്ചിയിലെ എആർ ബജാജ് തുടങ്ങിയ സ്ഥാപനങ്ങൾ റഫീഖിന്റെ സ്വപ്രയത്നത്തിലുണ്ടായതാണ്

പിന്നീടാണ് വടകരയിൽ റോയൽ എൻഫീൽഡ് ബുള്ളറ്റിന്റെ ഏജൻസി ഗ്രെയ്സ് മോട്ടോഴ്സ് എന്ന പേരിൽ തുടങ്ങുന്നത്. നാദാപുരത്തും ഇതേ ഏജൻസി അനുവദിച്ചത് റഫീഖിനു തന്നെയായിരുന്നു. ഈ സ്ഥാപനവും അനുബന്ധ സർവീസ് സെന്ററുകളും തുടങ്ങാനുള്ള നീക്കത്തിനാണ് ഇപ്പോൾ ഉടക്ക് വീണിരിക്കുന്നത്

Loading...

Loading...
shares